2015, ജനുവരി 19, തിങ്കളാഴ്‌ച

ഏകാന്തതയുടെ പാത

         രാത്രിയുടെ ഏകാന്തത എന്നെ വല്ലാതെ  അലട്ടുന്നു....ഒറ്റപ്പെടലിന്‍റെ മഹാസമുദ്രത്തില്‍ നീന്തിതളര്‍ന്നു....മരണത്തിന്‍റെ കാഹളം വിദൂരതയിലെങ്ങോ മുഴങ്ങുന്നതുപോലെ....ഒരു ജീവിതം മുങ്ങിതാഴുകയാണോ...ഈശ്വരാ!!! ഒരു പൊന്‍തൂവല്‍ കൂടി ജീവിതം എനിക്ക്സമ്മാനിച്ചിരിക്കുന്നു...അങ്ങനെ ചിന്തകള്‍ക്ക് കടിഞ്ഞാണില്ലാതെ പായുകയാണ്. എന്‍റെ മനസ്സ് വല്ലാതെ ചന്ജലമാവുന്നുണ്ടോ?  ഞാന്‍ സ്വയം  പല ആവര്‍തിയില്‍ ചോദിച്ചു. ഉത്തരമൊന്നും  കിട്ടിയില്ല . കാരണം ആരാഞ്ഞു ഞാന്‍ വലഞ്ഞു. ആ ഏതായാലും വീട്ടിലിരുന്നിട്ടു ഒരു സമാധാനവുമില്ല. ഞാന്‍ പതുക്കെ സുരക്ഷയുടെ ആ മതില്‍ക്കെട്ട് പൊട്ടിച്ചു അരക്ഷിതാവസ്ഥയിലേക്ക് നടന്നു നീങ്ങി. സന്ധ്യമയങ്ങിയിട്ടും, ചെക്കേറാനിടമില്ലാത്ത പക്ഷിയെ പോലെ എന്‍റെ മനസ്സ് ആ വിജന വീഥിയിലൂടെ അലയുകയാണ്. ആ നടത്തത്തിനു കുറച്ചു മുന്‍പുവരെ വേഗത കൂടുതലായിരുന്നു. ഇപ്പോള്‍ ഒരല്‍പം മന്ദഗതിയിലായിട്ടുണ്ട്. സംസ്കാരത്തിന്‍റെ നടുവില്‍നിന്നു, മനുഷ്യവാസമുള്ളി ടത്തിന്‍റെ അവസാന ശേഷിപ്പും കടന്നു, ഞാന്‍ പ്രകൃതിയുടെ വന്യതയിലേക്ക് നടന്നുകയറുകയാണ്. കാടിന്‍റെ സ്വാഭാവികമായ ഇരുളില്‍, മഴയുടെ ഇരുളിമ കൂടി....അവള്‍ പതിയെ പെയ്തിറങ്ങുകയായി....ആ സംഗീതത്തില്‍ എന്‍റെ  മനസ്സ് ഒരല്‍പ്പം ആശ്വാസത്തിനായി, ഭൂമിയുടെ മാറിലേക്ക്‌ പതുക്കെ തല ചായ്ച്ചു. മനസ്സൊന്നു തണുത്തതുപോലെ തോന്നി. ഇത്രയും ഖോരവനത്തില്‍ ഇവളോറ്റക്കോ, എന്നു തോന്നാം..സ്വാഭാവികം. എനിക്ക് കാട് അന്യമല്ല. എന്‍റെ അമ്മക്ക് തുല്ല്യം! സ്വന്തം അമ്മയുടെ നെഞ്ചിലേക്ക് തലചായ്ക്കാന്‍ എന്തിനു  ഭയക്കണം?

        മഴ ശരീരത്തില്‍ മാത്രമല്ല മനസ്സിലും ആത്മാവിലും പകരുന്ന സുന്ദരാനുഭൂതി പറഞ്ഞറിയിക്ക വയ്യ. അതനുഭവിച്ചു തന്നെ അറിയണം.

        ആ മനോഹരമായ അന്തരീക്ഷത്തില്‍ ഞാനൊരല്പം മയങ്ങിപ്പോയി.  എത്ര നേരം അവിടങ്ങനെ കിടന്നു എന്നെനിക്കറിയില്ല. ഉണര്‍ന്നപ്പോള്‍ നേരം ഇരുട്ടിക്കഴിഞ്ഞിരുന്നു. തിരികെ ഒരു യാത്ര അസാധ്യം. ഈ രാത്രി ഇവിടെ തന്നെ കഴിച്ചുകൂട്ടാം .  രാത്രിയുടെ കറുത്ത കരിമ്പടം പുതച്ചു, തണുപ്പിന്‍റെ തൂവല്‍ സ്പര്‍ശവുമായി, എന്നെയവള്‍ വല്ലാതെ വിറപ്പിക്കുന്നുണ്ട്. ഇരുട്ടത്ത്‌ തപ്പിത്തടഞ്ഞു കുറച്ചു വിറകു ശേഖരിച്ചു. പണ്ടൊരിക്കല്‍ ഒരു കാട്ടുമൂപ്പന്‍റെ ശിക്ഷണത്തില്‍ തീപ്പെട്ടിയില്ലാതെ തീയുണ്ടാക്കുന്നത് പഠിച്ചിരുന്നു. അന്നൊരു കൗതുകതിന്‍റെ പുറത്തു പഠിച്ചതാണ്. അതിപ്പോഴാണ് ഉപകരിക്കുന്നത്‌. അതല്ലെങ്കിലും നമ്മുടെ ജീവിതത്തില്‍ സംഭവിക്കുന്ന ഓരോന്നിനും എന്തെങ്കിലും അര്‍ത്ഥമുണ്ടാവുമല്ലോ, അത് ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍...

         അങ്ങനെ തീയും കൂട്ടി! തണുപ്പില്‍ നിന്നും രക്ഷപ്പെടാന്‍ വേറെ മാര്‍ഗമൊന്നുമില്ലല്ലോ. മാത്രവുമല്ല വന്യമൃഗങ്ങളെ അകറ്റാനും ഉപകരിച്ചേക്കും...പിന്നെയെല്ലാം വരുന്നിടത്തു വച്ച് കാണാമെന്നൊരു വിശ്വാസവും..

         കാടിന്‍റെ വന്യത രാത്രിയില്‍ പതിന്മടങ്ങ്‌ വര്‍ധിച്ചിരിക്കുന്നു. അടുത്തൊരു വലിയ പാറക്കെട്ടിന്‍റെ മുകളിൽ മലർന്നു, ആകാശത്ത് നോക്കി കിടന്നു. കറുത്ത സിൽകിന്‍റെ തുണിയിൽ വെള്ളിക്കസവിന്‍റെ പൊട്ടുകൾ തുന്നിച്ചേർത്തപോലെ , ആകാശം നിറയെ മിന്നിത്തിളങ്ങുന്ന ഒരുപിടി നക്ഷത്രങ്ങൾ വാരിവിതറിയിരിക്കുന്നു.... ഇക്കണ്ടതൊക്കെയും... കാണാത്തതും...എല്ലാം പടച്ചവന്‍റെ കഴിവിനെ ഞാനാരാത്രി വാനോളം പുകഴ്ത്തി. ആ സംഗീതാത്മകമായ അന്തരീക്ഷത്തില്‍ മറ്റേതോ ലോകത്താണ് എന്ന ഒരു മാസ്മരികമായ യാഥാര്‍ത്ഥ്യം (A Magical Reality)....ഞാന്‍ മനസ്സിലാക്കി....അതെ ആത് തന്നെ....അങ്ങനൊരു പ്രയോഗം തന്നെ ഇവിടെ അനുവാര്യം!! എന്റെ മനസ്സിന്‍റെ ഏകാന്തതയെ വിഴുങ്ങാനും  മാത്രം ആ വന്യസുന്ദരിക്കു കഴിഞ്ഞല്ലോ എന്നോർത്ത് ഞാൻ...പ്രകൃതിയുടെ ഓരോ മാസ്മരിക ഭാവങ്ങളും ആസ്വദിച്ചു. ചീവീടുകളുടെ ഉയർന്ന ശബ്ദവും, വിദൂരതയിലെങ്ങോ കേട്ട നിശാപക്ഷിയുടെ കരച്ചിലും കത്തിയമരുന്ന ക്യാമ്പ്ഫയരിന്‍റെ ചൂടും, അന്തരീക്ഷത്തിലെ തണുപ്പുംഎല്ലാം എനിക്ക് ഉറങ്ങാനുള്ള താരാട്ടുപോലെ...ഞാനുറക്കത്തിലേക്ക് വഴുതിവീണു
       
          ഞെട്ടിയാണ് ഞാനുണര്‍ന്നത്. ചില്ലകള്‍ ഒടിയുന്ന ശബ്ദം!!   അത്രക്കങ്ങകലെയല്ലാതെ ഈറ്റക്കാട്ടില്‍ ആനക്കൂട്ടം മേയുന്ന ശബ്ദമാനെന്നു തോന്നുന്നു....ദൈവമേ!! ഇനിയെന്തു ചെയ്യും.... നേരമാണെങ്കില്‍ പുലരുന്നതെയുള്ളു....അധികം താമസിയാതെ തന്നെ അവ ഈവഴിയെത്തും...ആനത്താരിയിലായിരുന്നു രാത്രി മുഴുവന്‍ എന്‍റെ വിശ്രമം. എങ്ങാനും ചവിട്ടിയെങ്കില്‍, ഞാനും അറിയില്ല അവറ്റകളും അറിയില്ല....ഹോ!!! ആയുസ്സിനു നല്ല ബലം!! പതുക്കെ അവിടുന്നെഴുന്നേറ്റു സബ്ദമുണ്ടാക്കാതെ നടന്നു നീങ്ങി....വഴി ഇനിയും തിട്ടമായിട്ടില്ല..ഏതായാലും ഈറ്റ ഓടിക്കുന്ന സബ്ദം കേള്‍ക്കുന്നില്ല. ഞാനൊരുപാട് അകലെയെത്തിയെന്നു മനസ്സിലായി..സമാധാനമായി..നേരവും പുലര്‍ന്നു. ഇനി എന്‍റെ നാച്ചുറല്‍ GPS  ഒന്ന് പ്രവര്‍ത്തിപ്പിച്ചു നോക്കാം. ചിലപ്പോ വഴിതെളിഞ്ഞാലോ? ഞാന്‍ ചുറ്റുപാടുമൊന്നു വീക്ഷിച്ചു...സൂര്യന്‍റെ  ദിശനോക്കി മുന്നോട്ടു നടന്നു. കുറെ ദൂരം ചെന്നപ്പോ ഏകദേശ ധാരണ കിട്ടിത്തുടങ്ങി. ഇനിയോരുദ്ദേശത്തില്‍ അങ്ങ് നടക്കാം. തെല്ലൊരു ഉൾകിടിലത്തോടെയേങ്കിലും അതീവ ജാഗ്രതയോടെ പ്രകൃതിയുടെ താളത്തിനനുസൃതമായും , മാറിവരുന്ന കാടിന്‍റെ മണം അറിഞ്ഞുകൊണ്ടും, ഞാൻ നടന്നു. കാടിന്‍റെ മണം എന്നാൽ പലയിനം വൃക്ഷ ലാതാദികളുടെയും വിവിധയിനം മൃഗങ്ങളുടെയും മണം, അതരിഞ്ഞേ കാട്ടിലൂടെ നടക്കാവുള്ളു..കാടിനെ അറിയുക ഈവഴിയാനു...നമ്മുടെ ഹൃദയമിടിപ്പുപോലെ പ്രക്രിയുടെ താളവും...ജീവന്‍റെ സ്പന്ദനം....

         വനം! വന്യവും മനോഹരവുമായ അനേകം കാഴ്ച്ചകളാൽ മുഖരിതം. ഒന്ന് മുകളിലേക്ക് നോക്കിയാൽ വാനം മുട്ടെ എന്ന് തോന്നുമാറ് വലിയ വടവൃക്ഷങ്ങൾ..വൃക്ഷത്തലപ്പുകൾ ഒരു വലിയ കുടപോലെ നിൽക്കുന്ന ഈ മഴക്കാട്...വെയിൽ നാണിച്ചു നാണിച്ചു, തെല്ലൊന്നു സംശയിച്ചു മാത്രാം, അകത്തേക്ക് കടക്കുന്ന ഘോരവനം! ആർത്തിരമ്പി പെയ്യുന്ന മഴ, തുള്ളികൾ മാത്രമായി താഴെ...അവളുടെ (കാടിന്‍റെ) മടിത്തട്ടിലേക്ക് പതിയെ പതിക്കുന്ന ആ അത്ഭുത കാഴ്ച്ച...ഇവൾക്ക് മാത്രം സ്വന്തം. കാതടപ്പിക്കുന്ന ശബ്‌ദാരവങ്ങളോടെ പെയ്തിറങ്ങുന്ന മഴയുടെ കൂടെ ഉറക്കെ..ആർത്തു ഞാനും ഹൃദയഹാരിയായ മനോഹര ഗാനം പാടി...ഒന്ന് കണ്ണുകളടച്ചു...മുകളിലേക്ക് മുഖമൊന്നുയർത്തി...ആഹാ...ആ തണുതണുത്ത മഴത്തുള്ളികൾ മുകഹത്തേക്കു പതിച്ചു....അടിമുടി തണുപ്പിച്ചുകൊണ്ടു വീണ്ടും വീണ്ടും അവൾ പെയ്തിറങ്ങി, വാശിയോടെ, വീറോടെ....




                                                                                  to be continued........


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ